പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് റെജി താഴമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നുണ്ടായ അവഗണനയിലും ചതിയിലും പ്രതിഷേധിച്ചാണ് തീരുമാനം.
റാന്നി സീറ്റ് കോണ്‍ഗ്രസ് ഒരു കുടുംബത്തിന് എഴുതിനല്‍കി. നാല് പ്രാവശ്യം പിതാവ് മത്സരിച്ചു. കഴിഞ്ഞ തവണ അമ്മ, ഇപ്പോള്‍ മകന്‍ സ്ഥാനാര്‍ഥി. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇത് അംഗീകരിക്കാനാവില്ല. കെ.എസ്.യുവില്‍ കൂടിയാണ് താന്‍ രാഷ്ട്രീയ രംഗത്തുവന്നത്. കെ.എസ്.യു സംസ്ഥാന സമിതി അംഗമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി, സംസ്ഥാന സമിതി അംഗം, ട്രേഡ് യൂണിയന്‍ പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശത്തായിരുന്നപ്പോഴും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2011ലും 2016ലും സ്ഥാനാര്‍ഥിയായി പരിഗണിച്ചെങ്കിലും അവസനാഘട്ടത്തില്‍ പേരുവെട്ടി. ഇത്തവണയും അത് ആവര്‍ത്തിച്ചു. മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും സാമുദായിക നേതാക്കളുടെയും മത മേലധ്യക്ഷരുടെയും താല്‍പ്പര്യപ്രകാരമാണ് മത്സരിക്കുന്നതെന്നും റെജി പറഞ്ഞു.
തിരുവല്ല മണ്ഡലത്തില്‍ ജനകീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അഡ്വ. തോമസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി, ഡിസിസി അംഗം, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തതിലും പ്രതിഷേധിച്ചാണ് മത്സരിക്കാനുള്ള തീരുമാനം. 91ല്‍ താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക കൊടുത്തിരുന്നു. പിന്നീട് പാര്‍ട്ടി നിര്‍ദേശ പ്രകാരം പിന്‍വലിക്കേണ്ടിവന്നു. സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു. സുഹൃത്ത് മുഖേന ജോസഫിനെയും ഇക്കാര്യം അറിയിച്ചു. എന്നാല്‍ അനുകൂല നിലപാടുണ്ടായില്ല. ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ് ഇവിടെ നിര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് മത്സരിക്കുന്നതെന്ന് തോമസ് മാത്യു പറഞ്ഞു.