ചാരുംമൂട് : പാലമേൽ പഞ്ചായത്തിലെ മാവിളപ്പടി-മായയക്ഷിക്കാവ് റോഡിന്‍റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. കെ.പി. റോഡിലെ നൂറനാട് ആശാൻകലുങ്കിൽനിന്ന് പന്തളം ഭാഗത്തേക്കും മാമ്മൂട് ജംഗ്ഷനില്‍ നിന്ന് പയ്യനല്ലൂർ മായയക്ഷിക്കാവിലേക്കുമുള്ള റോഡാണിത്. കെ.പി. റോഡിനെ പന്തളം-നൂറനാട് റോഡുമായി കുറഞ്ഞ ദൂരത്തിൽ ഈറോഡ് ബന്ധിപ്പിക്കുന്നു. ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന്റെ ഇരുഭാഗത്തെയും ഓടകളുടെയും കലുങ്കുകളുടെയും പണിയും വീതികൂട്ടാനുള്ള സ്ഥലങ്ങളിൽ പിച്ചിങ്‌കെട്ടി വീതികൂട്ടുന്നതും പൂർത്തിയാക്കിയിരുന്നു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ പ്പെടുത്തി 4.8 കോടി രൂപയാണ് അനുവദിച്ചത്. ദേശീയനിലവാരത്തിലുള്ള റോഡുപണിക്കായി എറണാകുളത്തെ വി മാതാ കൺസ്ട്രക്‌ഷൻ കമ്പനിയാണ് കരാറെടുത്തത്. രണ്ടാംഘട്ടത്തിൽ പഴയ ടാറിങും മെറ്റലുമിളക്കി റോഡ് നിരപ്പാക്കുന്ന ജോലിയാണു നടക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരുമാസത്തിനുള്ളിൽ രണ്ടാംഘട്ടനിർമാണം പൂർത്തിയാക്കാനാകുമെന്ന് കരാറുകാരൻ പറയുന്നു. 10 വർഷമായി തകർന്നുകിടന്നിരുന്ന റോഡിന്റെ പുനർനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികാരകേന്ദ്രങ്ങളിൽ പലതവണ കയറിയിറങ്ങിയിട്ടും ഫലം കണ്ടിരുന്നില്ല. കൊടിക്കുന്നിൽ സുരേഷ് എം.പി. ഇടപെട്ടാണ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ തുക അനുവദിപ്പിച്ചത്. റോഡുപണി തീരുന്നതോടെ ഇതുവഴിയുള്ള വാഹനത്തിരക്ക് വർധിക്കും. മുടങ്ങിക്കിടക്കുന്ന സ്വകാര്യബസ് സർവീസുകൾ പുനഃസ്ഥാപിക്കും. കൊല്ലം ഭാഗത്തുനിന്ന് പന്തളം, കോട്ടയം, പത്തനംതിട്ട ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനുമാകും.