പ്രേമത്തിലെ മലര്‍ മിസ്സായി മലയാളികളുടെ മനസ്സിലേക്ക് പടികയറി എത്തിയ നടിയാണ് സായ് പല്ലവി. പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായി സായ് പല്ലവി മാറി. ഓരോ തവണ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴും തന്റെ ചുറുചുറുക്ക് കൊണ്ട് സായ് പല്ലവി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
എന്താണ് സായ് പല്ലവിയുടെ ഫിറ്റ്നസിന്‍റെയും എനര്‍ജിയുടെയുമെല്ലാം രഹസ്യമെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേയുള്ളൂ. നൃത്തം. ഒരിക്കല്‍ പോലും ജിമ്മില്‍ പോയിട്ടില്ലാത്ത ഈ 29കാരി വടിവൊത്തെ തന്‍റെ രൂപത്തിന്‍റെ എല്ലാ ക്രെഡിറ്റും നൃത്തത്തിന് നല്‍കുന്നു. പ്രഫഷണലായി നൃത്തം അഭ്യസിക്കാത്തയാളാണ് ഡോക്ടര്‍ കൂടിയായ ഈ നടി. എന്നാല്‍ പരമ്പരാഗത വര്‍ക്കൗട്ടുകളെ അപേക്ഷിച്ച് ശരീരത്തിലെ കാലറികളെ ദഹിപ്പിച്ചു കളയാന്‍ നൃത്തം ഏറ്റവും മികച്ച വഴിയാണെന്ന് സായ് പറയുന്നു.
അര മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്താല്‍ ശരാശരി 200 മുതല്‍ 400 കാലറി വരെ ശരീരത്തില്‍ നിന്ന് ദഹിപ്പിച്ച് കളയാന്‍ സാധിക്കും. ഫിറ്റ്നസ് മെച്ചപ്പെടുത്താന്‍ മാത്രമല്ല പേശികളുടെ കരുത്തും സ്ഥിരതയും വര്‍ധിപ്പിക്കാനും ചുറുചുറുക്ക് നിലനിര്‍ത്താനും നൃത്തം സഹായിക്കും. ഇതിന് സായ് പല്ലവിയോളം മികച്ച ഒരു ഉദാഹരണവും കാട്ടിത്തരാനില്ല.
നൃത്തത്തിന് പുറമേ ഭക്ഷണത്തിലും സായ് പല്ലവി വളരെ ശ്രദ്ധിക്കുന്നു. സസ്യാഹാരിയായതു കൊണ്ട് അവശ്യ പോഷണങ്ങളുടെ അഭാവം നേരിട്ടിട്ടില്ലെന്നും കഴിവതും പാകം ചെയ്യാത്ത ശുദ്ധമായ പച്ചക്കറികള്‍ മെനുവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാറുണ്ടെന്നും സായ് പറയുന്നു. നൃത്തത്തിന് പുറമേ സായ് പല്ലവിക്ക് ഇഷ്ടമുള്ള രണ്ടു കാര്യങ്ങളാണ് യോഗയും ധ്യാനവും. ഇതും താരത്തിന്‍റെ ശാരീരിക, മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.