തിരുവല്ല : പ്രയാസമനുഭവിക്കുന്നവരുടെ ദുഃഖത്തിന് ജാതിയോ മതമോ ഇല്ലെന്നും മനുഷ്യരുടെ വേദനയില്‍നിന്നുതിരുന്ന കണ്ണുനീരിന് നിറമില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ഭവനരഹിതര്‍ക്കായി പരുമല മാര്‍ ഗ്രിഗോറിയോസ് സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മ്മിച്ചു നല്‍കിയ 10 ഭവനങ്ങളുടെ താക്കോൽ കൈമാറല്‍ ചടങ്ങ് തിരുവല്ല ബഥനി അരമനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതയില്‍പെട്ട് ചുരുങ്ങിപ്പോകാതെ എല്ലാവരെയും മനുഷ്യരായി കണ്ട് പരസ്പരം സ്‌നേഹിക്കുന്നവരായി മാറണമെന്നും പരി. പിതാവ് പറഞ്ഞു.
പ്രസിഡന്റ് അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ., സഭാ വൈദിക ട്രസ്റ്റി, ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, സെക്രട്ടറി അഡ്വ.മനോജ് മാത്യു, ട്രഷറാര്‍ ഫാ.കുര്യന്‍ ദാനിയേല്‍, ഫാ.ഷിബു ടോം വര്‍ഗീസ്, ബര്‍സാര്‍ സി.ഇ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വളഞ്ഞവട്ടം പരുമല മാര്‍ ഗ്രിഗോറിയോസ് കോളേജ് ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.