പത്തനംതിട്ട : മഹീന്ദ്ര കമ്പനിയുടെ ഇലക്ര്‌ടിക് ഓട്ടോ വാങ്ങി പ്രതിസന്ധിയിലായ ഒരുവിഭാഗം ഉടമകള്‍ ഷോറൂമിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുളള ഉടമകളാണ് തങ്ങളുടെ വാഹനവുമായി താഴെവെട്ടിപ്രത്തുള്ള ഷോറൂമിനു മുന്നിലെത്തിയത്. എസ്.പി ഓഫീസിന് സമീപം നിന്ന് മാര്‍ച്ച് ആരംഭിച്ചു. മഹീന്ദ്ര ഷോറൂമിന് മുന്നില്‍ സമാപിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ വരെ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇലക്ര്‌ടിക്ക് ഓട്ടോ വാങ്ങിയപ്പോള്‍ കമ്പനി ചെയ്‌ത വാഗ്‌ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇലക്‌ട്രിക് ഓട്ടോ കൂട്ടായ്‌മ ജില്ലാ പ്രസിഡന്റ് മണിവാസന്‍ തോപ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. കമ്പനിയുടെ അവകാശവാദങ്ങളും വാഗ്‌ദാനങ്ങളും വിശ്വസിച്ച് ഇലക്‌ട്രിക് ഓട്ടോ വാങ്ങിയ ഓട്ടോറിക്ഷ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് മണിവാസന്‍ പറഞ്ഞു.
ജില്ലയില്‍ വാങ്ങിയിട്ട് മൂന്നുവര്‍ഷം പോലുമാകാത്ത മൂന്ന് ഇലക്‌ട്രിക് ഓട്ടോകളാണ് വായ്‌പ്പതവണ അടച്ചുതീരും മുന്‍പ് കേവലം ഇരുപതിനായിരം രൂപയ്‌ക്ക് പൊളിച്ചുവിറ്റത്. ഉപജീവനത്തിനായി ഇലക്‌ട്രിക്ക് ഓട്ടോറിക്ഷ വാങ്ങിയ തൊഴിലാളികള്‍ക്ക് വാഹനങ്ങളുടെ തകരാര്‍ പരിഹരിച്ച് നല്‍കാന്‍ മഹീന്ദ്രാ കമ്പനി അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്‌തമായ സമരങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ 3.10 ലക്ഷം മുടക്കിയ ഇലക്‌ട്രിക് ഓട്ടോ വാങ്ങിയ ദിവസം മുതല്‍ തകരാറിലാണെന്ന് ചങ്ങനാശേരി മാമുട് സ്വദേശി സേവ്യര്‍ പറഞ്ഞു. ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ ഓടുമെന്ന് കമ്പനി പറഞ്ഞ വണ്ടി 50 കിലോമീറ്റര്‍ മാത്രമാണ് ഓടുന്നത്. ബാറ്ററിക്ക് മൂന്നു വര്‍ഷം വാറണ്ടി പറയുന്നുണ്ടെങ്കിലും ബാറ്ററി തകരാറിലായാല്‍ പരിഹരിച്ചു നല്‍കുന്നില്ല. ചാര്‍ജര്‍ തകരാറിലായിട്ട് മാസങ്ങളായെന്നും സേവ്യര്‍ പറയുന്നു. എന്നാല്‍ കമ്പനിയുടെ നിബന്ധനകള്‍ പാലിച്ച് പരമാവധി സര്‍വീസ് നല്‍കുന്നുണ്ടെന്നാണ് ഷോറും അധികൃതര്‍ പറയുന്നത്. മഹീന്ദ്രയുടെ ഇലക്‌ട്രിക് ഓട്ടോ എടുത്ത സംതൃപ്‌തരായ നിരവധി ഉപഭോക്‌താക്കളുണ്ടെന്നും അവരെ പിന്നീട് മാധ്യമങ്ങള്‍ക്കു പരിചയപ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.