പത്തനംതിട്ട : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തിന്റെ മതേതര പൈതൃകവും രാഷ്ട്ര പിതാവ് മഹാത്മജി മാർഗ്ഗദീപവും ആണെന്ന് ഡി.സി.സി പ്രസിസന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി ആഹ്വാനം അനുസരിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ മലയാലപ്പുഴ മണ്ഡലംതല ഉദ്ഘാടനം കിഴക്കുപുറം ഏഴാം വാർഡിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും മതേതര മൂല്യങ്ങളും തകർത്ത് വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് സംഘപരിവാർ നേതൃത്വം നല്കുന്ന ബി.ജെ.പി-യും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്ത് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജനവിരുദ്ധതയുടേയും കെടുകാര്യസ്ഥതയുടേയും ആൾരൂപങ്ങളാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ അടക്കം സംസ്ഥാനത്തൊട്ടാകെ വികസന മുരടിപ്പ് പ്രകടമാണെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് മോനി.കെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി അംഗം യോഹന്നാൻ ശങ്കരത്തിൽ, മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട്, വി.സി. ഗോപിനാഥപിള്ള, ബെന്നി ഈട്ടിമൂട്ടിൽ, മീരാൻ വടക്കുപുറം, ശശീധരൻനായർ പാറയരുകിൽ, എലിസബത്ത് രാജു, ബിന്ദു ജോർജ്ജ്, ജലീനാ മീരാൻ എന്നിവർ പ്രസംഗിച്ചു. സി.എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷെറിൻ അലക്സ് ശങ്കരത്തിലിനേയും മുതിർന്ന കോൺഗ്രസ് നേതാക്കളേയും കുടുംബ സംഗമത്തിൽ ആദരിച്ചു.