കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍. 2060 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിക്ക് 20000 പേരും റാലിയില്‍ 15000 പേരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും അനുവദിക്കുക. പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയിലെ കടകള്‍ അടപ്പിക്കില്ലെന്നും നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കൊച്ചിയിലെത്തുന്നത്. വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയുള്ള റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് ബിജെപിയുടെ യുവം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം ഏഴ് മണിക്ക് പ്രധാനമന്ത്രി കൊച്ചിയില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ കാണും. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ വച്ചാണ് കൂടിക്കാഴ്ച്ച. തിങ്കളാഴ്ച കൊച്ചിയില്‍ തങ്ങി പിറ്റേന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.