കായംകുളം: കാര്‍ വര്‍ക്ക്ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍. യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസുകളിലടക്കം പ്രതിയായ കായംകുളം മത്സ്യ മാര്‍ക്കറ്റിന് സമീപം പുത്തന്‍കണ്ടത്തില്‍ പാരഡൈസില്‍ അജ്മല്‍ (പുട്ട് അജ്മല്‍ 21), ചിറക്കടവം മൂപ്പള്ളില് അമല്‍ കൃഷ്ണന് (20), ചേരാവള്ളി അവളാട്ട്കിഴക്കതില് അശ്വിന് കൃഷ്ണന് (ഉണ്ണി-22) എന്നിവരാണ് പിടിയിലായത്.
കൃഷ്ണപുരം ശ്രീരാജ് ഭവനത്തില്‍ രാമചന്ദ്രന്‍പിള്ളയെ (65) കമ്പിവടിക്ക് തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ 17 ന് രാത്രി 11.30 ഓടെ കൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ വര്‍ക്ഷോപ്പിലായിരുന്നു സംഭവം. വര്‍ക്ഷോപ്പില്‍ നല്‍കിയിരുന്ന കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടായിരുന്നു ആക്രമണം. അജ്മലിനെതിരെ ഗുണ്ടാആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് സി ഐ മുഹമ്മദ് ഷാഫി അറിയിച്ചു. എസ് ഐമാരായ ഷൈജു, ജിതിന്‍കുമാര്‍, അജ്മല്‍ ഹുസൈന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിമു, ബിനുമോന്, കണ്ണന്, ബാലരാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.