ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വരാനിരിക്കുന്ന അമര്‍നാഥ് യാത്രക്ക് മുന്നോടിയായി സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൈന്യം ഓപ്പറേഷന്‍ ശിവ ആരംഭിച്ചു. ജൂലായ് മൂന്നിന് ആരംഭിച്ച് ഓഗസ്റ്റ് ഒന്‍പതുവരെയാണ് അമര്‍നാഥ് യാത്ര. ജൂലായ് മൂന്നിന് ശ്രീനഗറില്‍ നിന്ന് ആദ്യസംഘം പുറപ്പെടും. ഹിമാലയത്തില്‍ 3,880 മീറ്റര്‍ ഉയരത്തിലുള്ള ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്ര ഏറെ ദുര്‍ഘടമാണ്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചു. യാത്രി നിവാസ് മുതല്‍ യാത്രയുടെ മുഴുവന്‍ വഴികളിലും അഭൂതപൂര്‍വമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഉന്നത ഭരണ, പോലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരും യാത്രി നിവാസിന്റെയും മറ്റ് സുരക്ഷാ ഒരുക്കങ്ങളുടെയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. റൂട്ടുകളിലും ബേസ് ക്യാമ്പുകളിലും അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളിലുമായി 50,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കും. തീര്‍ഥാടകരെ പരിശോധിക്കുന്നതിനായി ബോഡി സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍, 24ണ്മ7 നിരീക്ഷണം എന്നിവയുള്‍പ്പെടെ ത്രിതല സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും.
രജിസ്റ്റര്‍ ചെയ്ത എല്ലാ തീര്‍ത്ഥാടകര്‍ക്കും തത്സമയ ട്രാക്കിംഗ് സാധ്യമാക്കുന്ന RFID ടാഗുകള്‍ നല്‍കുമെന്നതും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ്. ഗുഹാക്ഷേത്രത്തിലേക്കുള്ള വഴിയുടെ 3ഉ മാപ്പിംഗ് സുരക്ഷാ സേന ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലെ സുരക്ഷാ ഓഡിറ്റും പൂര്‍ത്തിയായി. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ 500-ലധികം കമ്പനികള്‍ അടങ്ങുന്ന കനത്ത സുരക്ഷാ വലയത്തിലാണ് പാത. പാതകളില്‍ അട്ടിമറി വിരുദ്ധ സംഘങ്ങളെയും വിന്യസിക്കും, കൂടാതെ പതിവായി മോക്ക് ഡ്രില്ലുകളും നടത്തും.