“മനസ്സിലായോ…” പാട്ടിനൊപ്പം കേരളത്തിലൂടെ ഒരു അടിപൊളി സവാരി. പതിനാലു ജില്ലകളിൽ നിന്നുള്ള ചെറുതും വലുതുമായ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പരിചിയതമായ പല ലാൻഡ് മാർക്കുകളും മിന്നി മറയുന്ന ഒരു മിനിറ്റ് വിഡിയോ. ‘2,500 കിലോമീറ്ററോളം യാത്ര ചെയ്ത് കേരളത്തിലെ 60 സ്ഥലങ്ങളിൽ നിന്നും 60 സെക്കന്റ് മാത്രമുള്ള യാത്രാ വീഡിയോ തയാറാക്കിയത്’ ടെലിവിഷന്‍ ഷോ അവതാരകനും യൂട്യൂബ് വ്ലോഗറുമായ കാര്‍ത്തിക് സൂര്യ. എന്റെ കേരളം എന്നും സുന്ദരം എന്ന ഹാഷ്ടാഗോടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവെച്ചു.
കേരളത്തിലെ പ്രധാനപ്പെട്ട 60 ടൂറിസം ഡെസ്റ്റിനേഷനുകളാണ് ഇതിലൂടെ കാർത്തിക് പരിചയപ്പെടുത്തുന്നത്. ഓരോ സ്ഥലത്തിന്റെ പേരും ജില്ലയും വിഡിയോയിൽ കാണാം. ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ‘വേട്ടയ്യൻ’ സിനിമയിലെ ‘മനസ്സിലായോ…’ എന്ന വൈറൽ പാട്ടിനൊപ്പം നൃത്ത ചുവടുകൾ വെച്ചാണ് കാർത്തിക് ഇതിന്റെ റീൽ തയാറാക്കിയിരിക്കുന്നത്.‘സെക്കന്റുകളുടെ വില മനസ്സിലാക്കിയ ദിവസം’ എന്ന കുറിപ്പോടെ ഓരോ ജില്ലയിൽ നിന്നുള്ള ചിത്രീകരണ വിഡിയോയും കാർത്തിക് യൂട്യൂബിൽ പങ്കുവെച്ചിരുന്നു. ഒരു വീഡിയോ എടുക്കാൻ വേണ്ടിയുള്ള ആത്മാർത്ഥതയും കഷ്ടപ്പാടുമാണ് കാർത്തിക്കിന്റെ വീഡിയോയെ വ്യത്യസ്തമാക്കുന്നത് എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.