തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ മലയാളികളായ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ദുരൂഹത. രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മൂന്നുപേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നാലേ ഇക്കാര്യത്തിൽ വ്യക്തതവരൂ. ആര്യയുടെ മൃതദേഹം ഹോട്ടൽമുറിയിലെ കട്ടിലിനുമുകളിലായിരുന്നു. ഇതേ മുറിയിൽ നിലത്താണ് ദേവി മരിച്ചുകിടന്നത്. ശുചിമുറിയിലാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നുപേരുടെയും കൈത്തണ്ട മുറിച്ചനിലയിലുമായിരുന്നു. പക്ഷെ രണ്ടു യുവതികളിൽ ഒരാളുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ, ഇത് ദേവിയാണോ ആര്യയാണോ എന്ന് വ്യക്തമല്ല.
സംഭവം മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്നയെന്ന സംശയം ആദ്യംമുതൽക്കെ പോലീസിനുണ്ട്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകൾ പോലീസിനു നൽകിയത്.
മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. സ്വകാര്യ സ്‌കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്. വിദേശഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂൾ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനുപിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്കു തമ്മിൽ വേർപിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.