പത്തനംതിട്ട :സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറിയെന്ന് ആരോപണം. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എയ്‌ക്ക് അടക്കം തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തു വന്നതോടെ നിക്ഷേപകരും ആശങ്കയിലായി.
തൊട്ടടുത്തു തന്നെയുള്ള വയ്യാറ്റുപുഴ, കുമ്പളാംപൊയ്‌ക, പഴകുളം കിഴക്ക് എന്നിങ്ങനെ സി.പി.എം ഭരണ നേതൃത്വം നല്‍കുന്ന ബാങ്കുകളില്‍ നടന്ന തട്ടിപ്പിന്റെയും അഴിമതിയുടെയും കഥകള്‍ ഓരോന്നായി അടുത്തയിടെ പുറത്തു വന്നിരുന്നു. ഒരു ബാങ്കില്‍ പോലും തട്ടിയെടുത്ത പണം പൂര്‍ണമായി തിരികെ അടപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.വയ്യാറ്റുപുഴ മാതൃകയിലാണ് സീതത്തോട് ബാങ്കിലും തട്ടിപ്പ് നടന്നിരിക്കുന്നത്.
ഇടപാടുകാര്‍ അറിയാതെ അവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചും അത് പിന്നീട് പിന്‍വലിച്ചുമാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. മൂന്നുലക്ഷം രൂപ എസ്.ബി അക്കൗണ്ടിലിട്ടയാള്‍ക്ക് ഒരു വര്‍ഷം 1,53,050 രൂപ പലിശയായി കൊടുത്ത് ബാങ്ക് അധികൃതര്‍ ഞെട്ടിച്ചു. ഈ നിക്ഷേപകനാകട്ടെ മൂന്നു ലക്ഷം പലപ്പോഴായി അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
എന്നിട്ടും നിക്ഷേപിച്ചതിന്റെ പകുതിയിലേറെ തുക പലിശയിനത്തില്‍ നല്‍കിയത് കണ്ടാണ് ബാങ്കിലെ നിക്ഷേപകര്‍ ഞെട്ടിയിരിക്കുന്നത്. ബാങ്കിന്റെ കണക്കില്‍ ഇത്രയും തുക പലിശയായി നിക്ഷേപകന് ചെന്നിട്ടുണ്ടെങ്കിലും ചില്ലിക്കാശു പോലും അയാള്‍ക്ക് കിട്ടിയിട്ടില്ല. രേഖകളില്‍ മാത്രമാണ് ഈ തുക അയാളുടെ അക്കൗണ്ടില്‍ ചെന്നിട്ടുള്ളത്. ഇത് പിന്നീട് ഈ അക്കൗണ്ടില്‍ നിന്ന് ബാങ്കിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായിട്ടാണ് സൂചന.
സമാനമായ തിരിമറി മറ്റ് അക്കൗണ്ടിലും നടന്നിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ഈ രീതിയില്‍ 20 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് നിഗമനം. ഇത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് വിനിയോഗിച്ചുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സ്‌ഥിര നിക്ഷേപങ്ങളില്‍ നിന്ന് വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. നിക്ഷേപകര്‍ അറിയാതെയും അവരുടെ അനുമതിയില്ലാതെയുമാണ് തിരിമറി. ഒരു സ്‌ഥിരനിക്ഷേപത്തില്‍ നിന്ന് നിക്ഷേപകന്‍ അറിയാതെ വായ്‌പ എടുത്ത് മൂന്നുലക്ഷത്തില്‍പ്പരം രൂപ പിന്നീട് തിരിച്ചടച്ചിരിക്കുന്നത് മറ്റൊരു സഹകാരിയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നാണ്.
ഓഡിറ്റിങ്ങില്‍ പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരമൊരു തന്ത്രം. ഇങ്ങനെ പണം വകമാറ്റിയിട്ടുളള അക്കൗണ്ടിലെ നിക്ഷേപകന്‍ പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ മറ്റൊരു സ്‌ഥിര നിക്ഷേപത്തില്‍ നിന്ന് വായ്‌പയെടുത്താണ് അയാള്‍ക്ക് നല്‍കുക. മുന്‍പ് ഓഡിറ്റിങ്ങില്‍ 50 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയിരുന്നു. പണം അടച്ച് അന്ന് കേസില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവത്രേ.