ആറ്റിങ്ങല്‍ : മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വീട്ടുവളപ്പില്‍ നടന്ന അനധികൃത കച്ചവടം നഗരസഭ പിടിച്ചെടുത്തു. അട്ടക്കുളം വാര്‍ഡിലെ റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടിലെ പറമ്പിലാണ് മത്സ്യവും പച്ചക്കറിയും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് കച്ചവടം നടത്തിയത്. ഇത് സംബന്ധിച്ച് ചെയര്‍മാന്‍ എം.പ്രദീപിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
ഇയാള്‍ തറവാടക വാങ്ങി മതില്‍ കെട്ടിനുള്ളില്‍ വിപണന സാധനങ്ങള്‍ രഹസ്യമായി വെയ്ക്കാനും ഗേറ്റിനു മുന്നില്‍ വില്‍പന നടത്താനും കച്ചവടക്കാര്‍ക്ക് അനുമതി നല്‍കിയതായും പ്രാഥമിക ശുചിത്വ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കോവിഡ് 19 സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് പട്ടണത്തിലെ മാര്‍ക്കറ്റുകളും വഴിയോര കച്ചവടങ്ങളും ആഴ്ചകളായി നഗരസഭ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ നിയമ ലംഘനത്തിലൂടെ ഇത്രയും നാള്‍ കച്ചവടം നടത്തിയിരുന്നത്. ഇയാള്‍ക്കെതിരെ പരമാവധി ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.