തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ താങ്ങാനാകാത്ത ഫീസ് ആണു മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നതെന്നും ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിയമോപദേശം തേടിയ ശേഷം വിശദാംശങ്ങൾ ഇന്നു തീരുമാനിക്കും.
മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവു പ്രകാരം 10 മെഡിക്കൽ കോളജുകളിലെ തുക കഴിഞ്ഞദിവസം പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിരുന്നു.
കോടതിയുടെയോ കോടതി ചുമതലപ്പെടുത്തുന്നവരുടെയോ അന്തിമവിധി പ്രകാരമായിരിക്കും ഫീസ്.
മെറിറ്റ് സീറ്റിൽ 11 – 22 ലക്ഷം രൂപയാണു മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. എൻആർഐ സീറ്റിൽ 20– 34 ലക്ഷവും. മുന്നാക്ക സംവരണം, ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ 15 % അഖിലേന്ത്യാ ക്വോട്ട തുടങ്ങിയ കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നു.