പൂനെ: ഒളിഞ്ഞു നോട്ടവും ദുർമന്ത്രവാദവും പതിവാക്കിയ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പിപ്രി ചിഞ്ച്വാഡിലാണ് സംഭവം. 29കാരനായ സ്വയം പ്രഖ്യാപിത ആൾദൈവത്തെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പ്രസാദ് ഭീംറാവു താംദർ എന്നയാളാണ് അറസ്റ്റിലായത്. ഭാവ്ധാനിൽ ഒരു ആശ്രമം നടത്തിയിരുന്ന ഇയാൾ ജ്യോതിഷ പ്രവചനങ്ങളും പ്രശ്ന പരിഹാരങ്ങളും നൽകുന്നതിലൂടെയാണ് പേരെടുത്തത്. പ്രശ്നപരിഹാരം തേടിയെത്തുന്നവരുടെ ഫോണിൽ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നത് ഇയാൾ പതിവാക്കിയിരുന്നു.
ഈ ആപ്പിലൂടെ സഹായം തേടിയെത്തുന്നവരുടെ ഫോൺ ഇയാൾ നിയന്ത്രിക്കുകയായിരുന്നു. ഇതിന് ശേഷം ലൈംഗിക തൊഴിലാളികൾ അടക്കമുള്ള സ്ത്രീകളുമായി ബന്ധ പുലർത്താൻ ഇവരോട് ആവശ്യപ്പെടുകയും ഈ ദൃശ്യങ്ങൾ ആപ്പിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും ആയിരുന്നു ചെയ്തിരുന്നത്. ജില്ലാ പോലീസ് കമ്മീഷണർ വിശദമാക്കുന്നത് അനുസരിച്ച് നാല് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മനുഷ്യബലി തടയൽ, മന്ത്രവാദം എന്നിവ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മറ്റൊരു സംഭവത്തിൽ ഛത്തീസ്ഗഡ് പോലീസ് മന്ത്രവാദം ചെയ്തെന്ന് ആരോപിച്ച് മൂന്ന് പേരെ ആക്രമിച്ചതിന് 21 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.