കൊച്ചി : ആയിരക്കണക്കിനു കോടികള്‍ നിക്ഷേപമായി സമാഹരിക്കുമ്പോഴും പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും കാര്യമായ ഒരു ബിസിനസ്സും ചെയ്യുന്നില്ല. ആകെ ചെയ്യുന്നത് സ്വര്‍ണ്ണപ്പണയം മാത്രമാണ്. കഴിഞ്ഞ 6 മാസമായി ഇത് നാമമാത്ര ബിസിനസ്സായി മാറുകയും ചെയ്തു. കേരളത്തിലെ സ്വര്‍ണ്ണ പണയ ഇടപാടുകള്‍ ഏറിയ പങ്കും ഇപ്പോള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലേക്കും സഹകരണ ബാങ്കുകളിലേക്കും മാറിക്കഴിഞ്ഞു. സുരക്ഷിതത്വവും പലിശ കുറവുമാണ് ഇതിനു പ്രധാന കാരണം. 8.5 % മുതല്‍ 12 % വരെ മാത്രമാണ് പലരും പലിശ ഈടാക്കുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ഇത് 23 % മുതല്‍ 36 % വരെയാണ്. പല സ്ഥാപനങ്ങളുടെയും മുമ്പില്‍ തൂക്കുന്ന ഫ്ലക്സില്‍ പലിശ 50 പൈസയെന്നോ ഒരു രൂപയെന്നോ ആകും പ്രദര്‍ശിപ്പിച്ചിരിക്കുക. പലരെയും ആകര്‍ഷിക്കുന്നത് ഇതാണ്. ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് കൊള്ളപ്പലിശ ആണെന്ന് ആരും ചിന്തിക്കുന്നില്ല. എന്നാല്‍ പലിശയിലെ ഈ വന്‍ അന്തരവും തട്ടിപ്പും ഇപ്പോള്‍ പലരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെക്കുന്ന സ്വര്‍ണ്ണം എപ്പോള്‍ വേണമെങ്കിലും ഉടമക്ക് മറ്റു സ്ഥാപനങ്ങളിലോ ബാങ്കുകളിലോ പണയം വെക്കാം, ലേലം ചെയ്യുന്നതിനോ ഉരുക്കി വില്‍ക്കുന്നതിനോ സാധിക്കും. ഇതിനൊക്കെ പണയം വെക്കാന്‍ ചെല്ലുന്നവര്‍ മുന്‍കൂട്ടി അനുവാദം നല്‍കുന്നുമുണ്ട്. പണയ രസീതിന്റെ മറുവശത്തെ നിബന്ധനകള്‍ ആരും വായിച്ചു നോക്കാറില്ല, സ്ഥാപനത്തിലെ ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലത്ത് ഒപ്പിടുക മാത്രമാണ് മിക്കവരും ചെയ്യുന്നത്. അതുകൊണ്ടുതന്നെ പണയം വെക്കുമ്പോള്‍ത്തന്നെ അത് ഏതുസമയവും വില്‍ക്കാനുള്ള അനുവാദം ഉടമക്ക് ലഭിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ സര്‍വ സാധാരണമായി നടക്കുന്നുണ്ടെങ്കിലും ആരും ഇത് പുറത്തുപറയാറില്ല. പത്തനംതിട്ട ഓമല്ലൂരില്‍ KLM Axiva എന്ന സ്ഥാപനത്തില്‍ പണയം വെച്ച യുവതിക്കും സമാനമായ അനുഭവം ഉണ്ടായി. ഇക്കാര്യം പത്തനംതിട്ട മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി സന്ധ്യക്ക് പറ്റിയതും ഇത്തരമൊരു തട്ടിപ്പാണ്. 2024 മേയ് മാസം ഇരുപതാം തീയതി 370 ഗ്രാം സ്വര്‍ണ്ണം വെള്ളയമ്പലത്തെ LOOPERS MINI NIDHI യില്‍ പണയം വെച്ചു. 21,63,861 രൂപയാണ് ലോണ്‍ തുകയായി ലഭിച്ചത്. ഇതില്‍ 50,000 രൂപ പ്രോസ്സസിംഗ് ഫീസായി ഇടാക്കിയതാണെന്നും സന്ധ്യ പറയുന്നു. കാത്തലിക് സിറിയന്‍ ബാങ്കില്‍ ഇരുന്ന പണയം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. ആഗസ്റ്റ് ഒന്നാം തീയതി ഒരു ലക്ഷം രൂപ പലിശ അടച്ചു. സെപ്തംബര്‍ 30 ന് പണയസ്വര്‍ണ്ണം എടുക്കാന്‍ ചെന്നപ്പോള്‍ സ്വര്‍ണ്ണം വിറ്റുപോയെന്ന മറുപടിയാണ് സ്ഥാപന ഉടമകള്‍ നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. ഒക്ടോബര്‍ 18 നു ഇവര്‍ സ്ഥാപനത്തില്‍ എത്തി അത്മഹത്യാ ശ്രമം നടത്തി. ഇത് ചാനലുകളില്‍ വാര്‍ത്തയും വന്നിരുന്നു. മ്യൂസിയം പോലീസും എത്തിയിരുന്നു. തന്റെ സ്വര്‍ണ്ണം തിരികെ തരുന്നില്ലെന്ന് കാട്ടി സന്ധ്യ അന്നുതന്നെ മ്യ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെക്കുന്ന സ്വര്‍ണ്ണം ഉടമ അറിയാതെ വില്‍ക്കുന്ന തട്ടിപ്പ് ഇന്ന് കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. >>> തുടരും …. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]