കൊൽക്കത്ത : നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് കൽക്കത്ത ഹൈക്കോടതി. പിഴ ശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസിൽ നിന്ന് പിന്മാറുകയും ചെയ്തു. ഭിന്ന താത്പര്യമുള്ളതിനാൽ കേസ് കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.
കേസിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് മുഖ്യമന്ത്രി മമത ബാനർജിയെ ജസ്റ്റിസ് കൗശിക് ചന്ദ രൂക്ഷമായി വിമർശിച്ചു. ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്നതിനായി മമത മുൻകൂട്ടി നീക്കം നടത്തിയെന്നാരോപിച്ച ജഡ്ജി ഭരണഘടനാപരമായ ഉത്തരവാദിത്തം അവർ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി.