ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഉദ്യോഗാർഥികളെ ആകർഷിക്കുന്ന 20 യു.പി.എസ്.സി കോച്ചിങ് സ്ഥാപനങ്ങൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവരുടെ പേരും ചിത്രങ്ങളും ഉദ്യോഗാർഥികളെ ആകർഷിക്കാൻ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതായി കമ്മീഷൻ വിലയിരുത്തി. നാല് കോച്ചിങ് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചമുത്തിയിട്ടുണ്ട്. യു.പി.എസ്.സി പരീക്ഷ ഫലം പുറത്തുവരുമ്പോൾ വിജയികളുടെ ചിത്രങ്ങൾ സഹിതം കോച്ചിങ് സ്ഥാപനങ്ങൾ പരസ്യം നൽകാറുണ്ട്.
എന്നാൽ ഒരേ ആളുകൾ തങ്ങളുടെ സ്ഥാപനങ്ങളിലാണ് പരിശീലനം നേടിയതെന്ന രീതിയിൽ പല സ്ഥാപനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകുകയാണ്. ഓരോ വർഷവും ശരാശരി 900 ആളുകളാണ് യു.പി.എസ്.സി പരീക്ഷ പാസ്സാകുന്നത്. എന്നാൽ തങ്ങളുടെ കീഴിൽ പഠിച്ച ഉദ്യോഗാർഥികൾ എന്ന നിലയ്ക്കുള്ള സ്ഥാപനങ്ങളുടെ പരസ്യം കണക്കുകൂട്ടിയാൽ ഇതിലേറെ പേരെ കാണാനാകുമെന്ന് ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി. ഒരേ റാങ്ക് ജേതാവിനെ വെച്ച് വിവിധ സ്ഥാപനങ്ങൾ പരസ്യം ചെയ്യുകയാണ്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്മീഷൻ വ്യക്തമാക്കി.