പത്തനംതിട്ട : സമയപരിധി അവസാനിച്ച ഇന്ന് (4) മൂന്ന് മണി വരെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് ആകെ 10 പേര്‍. ഇന്നലെ മാത്രം ഏഴ് സ്ഥാനാര്‍ഥികള്‍ പുതുതായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയ്ക്കും ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയ്ക്കും വേണ്ടി പുതുതായി ഒരോ പത്രിക കൂടി സമര്‍പ്പിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിന് പുറമേ ഡമ്മി സ്ഥാനാര്‍ഥിയായ രാജു എബ്രഹാം ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവെയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി.
എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയ്ക്ക് പുറമേ ഡമ്മി സ്ഥാനാര്‍ഥി എസ് ജയശങ്കര്‍ ഒരു സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി.
അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി അഡ്വ എം കെ ഹരികുമാര്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവെയ്ക്കാനുള്ള 12,500 രൂപ പണമായി നല്‍കി.
സ്വതന്ത്ര സ്ഥാനാര്‍ഥി കെ സി തോമസ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവെയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി. ബിഎസ്പി സ്ഥാനാര്‍ഥി അഡ്വ ഗീതാകൃഷ്ണന്‍ നാല് സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 12,500 രൂപ പണമായും നല്‍കി. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍) സ്ഥാനാര്‍ഥി ജോയ് പി മാത്യു രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി.
സ്വതന്ത്ര സ്ഥാനാര്‍ഥി വി. അനൂപ് ഒരു സെറ്റ് പത്രികയും കെട്ടിവെയ്ക്കാനുള്ള 12,500 രൂപ പണമായും നല്‍കി. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവന നടത്തി. ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകവും ജില്ലാ കളക്ടര്‍ നല്‍കി. നാമനിര്‍ദേശ പത്രികകളിന്‍മേല്‍ നാളെ (5) സൂക്ഷ്മപരിശോധന നടക്കും. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. അതിനുശേഷം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. ഏപ്രില്‍ 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.