പന്തളം : കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ ആറ് കുടംബങ്ങളിലെ 21 പേരെ ഫയര്‍ ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തി സമീപത്തെ ക്യാമ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുവരെ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നേതൃത്വം നല്കി.
ചൊവാഴ്ച രാവിലെ 8 മുതല്‍ വാര്‍ഡ് ഒന്നില്‍ മൂടിയൂര്‍കോണം ഭാഗത്ത് വെള്ളം കയറിയ വീടുകളില്‍ നിന്ന് രണ്ടു ഭിന്ന ശേഷിക്കാര്‍ ഉള്‍പ്പെടെ ഏഴുപേരെ ഒഴിപ്പിച്ചു ദുരിതാശ്വാസ ക്യാമ്പിലാക്കി. അപകടത്തില്‍ ഒരു കയ്യും ഒരു കാലും നഷ്ടപ്പെട്ട ജനാര്‍ദ്ദനന്‍ നായരും വാര്‍ധക്യത്താല്‍ അവശയായ മാതാവ് കുട്ടിയമ്മയും ഇതില്‍ ഉള്‍പ്പെടും.
സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചേര്‍ന്ന് സ്വന്തമായി ചങ്ങാടം നിര്‍മ്മിച്ച് നിരവധി മൃഗങ്ങളെയും 13 ആളുകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. സേന നടത്തിയ ധീരമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളാണ് ഒരാള്‍ക്ക് പോലും ചെറിയ പരുക്കുപോലും ഏല്‍ക്കാതെ ഈ പ്രളയവും കഴിച്ചു കൂട്ടാന്‍ അടൂരിനെ പ്രാപ്തമാക്കിയത്.
സേനയോടൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് ടീമിന്റെയും സേവനങ്ങള്‍ എടുത്തുപറയേണ്ടത് തന്നെയാണ്. അഗ്‌നിരക്ഷാ സേനയോടൊപ്പം സിവില്‍ ഡിഫന്‍സ് സേനയിലെ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്.
വിവിധ ഇടങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പേരെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ച് ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും എത്തിക്കാന്‍ സേനയ്ക്ക് കഴിഞ്ഞു. സിവില്‍ ഡിഫന്‍സ് അംഗങ്ങളെ ഉപയോഗിച്ച് അച്ചന്‍കോവില്‍ ആറിന്റെയും കല്ലടയാറിന്റെയും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ആയി നല്‍കി.
വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് നല്‍കാനും സേന മുന്‍കൈ എടുത്തു. സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന ഫയര്‍ ഫോഴ്‌സ് സംഘവും 25 പേരടങ്ങുന്ന സിവില്‍ ഡിഫന്‍സ് സംഘവുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.