റാന്നി : ശബരിമല പൂങ്കാവനത്തിലെ ളാഹ മഞ്ഞതോട്ടിൽ പതിനേഴ് ആദിവാസി കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളാകുന്നു. മഞ്ഞത്തോട്ടിലെ 17 മലമ്പണ്ടാര ആദിവാസി വിഭാഗങ്ങൾക്കുള്ള ഭൂമിയുടെ രേഖകൾ ഒക്ടോബർ 17 ന് റവന്യൂ മന്ത്രി കെ രാജൻ കൈമാറുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ആദിവാസി വിഭാഗങ്ങളെ ഭൂമിയുടെ അവകാശികളാക്കുക എന്ന എൽഡിഎഫ് സർക്കാരിൻ്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്. എംഎൽഎ എന്ന നിലയിൽ ഏറ്റെടുത്ത സുപ്രധാന ദൗത്യങ്ങളിൽ ഒന്നായിരുന്നു മഞ്ഞതോട്ടിലെ ആദിവാസി വിഭാഗങ്ങൾക്ക് ഭൂമിയുടെ രേഖകൾ ഉറപ്പ് വരുത്തുക എന്നത്. അതിനായി നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 20 കുടുംബങ്ങൾക്ക് ഒരേക്കർ വീതമുള്ള ഭൂമിയുടെ രേഖകൾ 2023 സെപ്റ്റംബർ 23 ന് നൽകിയിരുന്നു.
ഭൂമിയുടെ രേഖകൾ ഉറപ്പാക്കുന്നതിന് വനം – റവന്യൂ – പട്ടിക വർഗ്ഗ വകുപ്പ് തലത്തിൽ നിരവധി തവണ യോഗങ്ങൾ വിളിച്ചു ചേർക്കുകയും വിവിധ വകുപ്പ് തലങ്ങളിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. അർഹരായ 37 കുടുംബങ്ങൾക്കും ഒരേക്കർ ഭൂമി വീതം ആകെ 37ഏക്കർ ആണ് നൽകുന്നത്. ഇതോടെ ഇവർക്ക് വീട് ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാകും. ബാക്കി ഉള്ളവരുടെയും രേഖകൾ പരിശോധിച്ച് ഭൂമിക്ക് അർഹരെന്ന് കണ്ടെത്തുന്ന മുറയ്ക്ക് ഭൂമി നൽകും. മലങ്കര മാർത്തോമാ സഭ നിലക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണ്ണബാസ് തിരുമേനിയുട 75 -ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനവ് പാർപ്പിട പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന 75 കാരുണ്യ ഭവനങ്ങളിൽ 37 ഭവനങ്ങൾ ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമായ മഞ്ഞ തോട്ടിലെ ആദിവാസി മലമ്പണ്ടാര വിഭാഗങ്ങൾക്ക് നൽകുമെന്ന് സഭ അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.