ചിറ്റാർ : അഞ്ചു വർഷത്തെ ഭരണസമിതി കാലയളവിൽ സെക്രട്ടറിമാരുടെ മാറ്റംകൊണ്ട് ഭരണസ്തംഭനത്തിലായിരിക്കുകയാണ് ചിറ്റാർ ഗ്രാമപഞ്ചായത്ത്. ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റശേഷം എത്തിയ ഏഴാമത്തെ സെക്രട്ടറിയും സ്ഥലംമാറി. ഉദ്യോഗസ്ഥരുടെ കുറവു കാരണം പഞ്ചായത്തിൽ ഭരണം സ്തംഭനത്തിലാണ്. നേരത്തേ സെക്രട്ടറി, ഓവർസിയർ, വിഇഒ, എഇ തുടങ്ങിയ തസ്തികകളിലും മാസങ്ങളായി ആളില്ലാതെ കിടന്നിരുന്നു. പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ പ്രധാന ഉദ്യോഗസ്ഥനായ സെക്രട്ടറിയെ മാറ്റി ഉത്തരവ് ഇറങ്ങിയപ്പോഴും പകരം നിയമനം നടത്തിയിട്ടില്ല. വർഷങ്ങളായി അസിസ്റ്റന്റ് എൻജിനിയർ ഇല്ലാതിരുന്നു.
ഒരു മാസത്തിനിടെ നിയമനം നടന്നു. എന്നാൽ രണ്ട് ഓവർസീയർമാർ ഉണ്ടായിരുന്നിടുത്ത് ഒരു വർഷം മുമ്പ് ഒരാൾ സ്ഥലം മാറിപ്പോയി. നിലവിലുള്ളയാൾക്കും സ്ഥലം മാറ്റം ഉത്തരവ് വന്നു. രണ്ട് ഓവർസീയർമാരും സ്ഥലംമാറിയതോടെ ആ തസ്തികയും ഒഴിഞ്ഞു. നിർവഹണ ഉദ്യോഗസ്ഥരുടെ കുറവു മൂലം പഞ്ചായത്തിന്റെ പല പദ്ധതികളും സമയ ബന്ധിതമായി തീർക്കാൻ കഴിയാതെ ഫണ്ടുകൾ ലാപ്സായിപ്പോയിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും അധികാരികൾക്കും പല തവണ നേരിട്ട് നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.