ലണ്ടന്‍: ലിവള്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയ പരേഡിനിടെ ആളുകള്‍ക്കിടയിലേക്ക് കാറിടിച്ചുകയറി കുട്ടികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വാട്ടര്‍ സ്ട്രീറ്റിന് സമീപമാണ് സംഭവം. ഇടിച്ചിട്ട കാറിന്റെ ഡ്രൈവറെന്ന് കരുതപ്പെടുന്ന 53 വയസ്സുകാരനായ ബ്രിട്ടീഷ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കാന്‍ ആയിരക്കണക്കിന് ലിവര്‍പൂള്‍ ആരാധകര്‍ തെരുവുകളില്‍ ആഹ്ലാദത്തോടെ പരേഡ് നടത്തുന്നതിനിടെയാണ് സംഭവം.
കാര്‍ ആള്‍ക്കൂട്ടത്തെ ഇടിച്ച് അമിതവേഗത്തില്‍ മുന്നോട്ടുപായുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിനടിയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഉള്‍പ്പെടെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി.സംഭവത്തെ തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമറും ലിവര്‍പൂള്‍ ക്ലബ്ബും അപലപിച്ചു. ലിവര്‍പൂളിന്റെ ഇരുപതാമത് പ്രീമിയര്‍ ലീഗ് കിരീടനേട്ടം ആഘോഷിക്കാനായി കനത്ത മഴയെ വകവെച്ചും ആരാധകര്‍ തെരുവില്‍ എത്തിയിരുന്നു. മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ഡെയ്ക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരന്ന പരേഡ് പത്ത് മൈലോളം നീണ്ടുനിന്നു. വഴിയിലുടനീളം ആരാധകര്‍ ചുവന്ന പുക പരത്തിയും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.