ലണ്ടൻ: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം മധ്യ യൂറോപ്പിലെ മറ്റൊരു ഉഷ്ണതരംഗവുമായി സംയോജിച്ച് തീവ്രമായ ഉഷ്ണതരംഗമായി മാറിയെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ നിങ്ങൾ യൂറോപ്പിലേയ്ക്ക് എന്തെങ്കിലും യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ നിലവിലെ സാഹചര്യത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. തെക്കൻ യൂറോപ്പിലെ നിരവധി ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉഷ്ണതരംഗം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, സ്വീഡൻ, നോർവേ, ഓസ്ട്രിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ അധികാരികൾ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഇത് പല പ്രധാന നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നതിനും കാരണമായി.
പാരീസിൽ, ജൂലൈ 1, 2 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ പ്രശസ്തമായ ഈഫൽ ടവർ അടച്ചിരുന്നു. ജൂൺ 30ന് ഫ്രാൻസിലെ പല നഗരങ്ങളിലും തെർമോസ്റ്റാറ്റ് 100 ഡിഗ്രി (37 ഡിഗ്രി സെൽഷ്യസ്) കടന്നു. പോർച്ചുഗലിലെ മോറ നഗരത്തിൽ ഇതേ ദിവസം തന്നെ 115.9 ഡിഗ്രി (46 ഡിഗ്രി സെൽഷ്യസ്) വരെ താപനില ഉയരുന്ന സാഹചര്യമുണ്ടായി. സ്പെയിനിലെ എൽ ഗ്രനാഡോയിൽ താപനില 114.8 ഡിഗ്രി (46 ഡിഗ്രി സെൽഷ്യസ്) ആയി ഉയർന്നു. സ്പെയിനിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് കടന്നുപോയത്. മജോർക്കയിൽ തീവ്രമായ ചൂട് കാരണം ഒരു വിനോദസഞ്ചാരി മരിക്കുകയും ചെയ്തിരുന്നു.