ചെന്നൈ: ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് മലയാളി അധ്യാപകനെതിരെ കേസ് എടുത്തിരിക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പത്മനെതിരെയാണ് സിറ്റി പോലീസ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്തത്. രുക്മിണിദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്‌സിലെ അധ്യാപകനും നര്‍ത്തകര്‍ക്കും എതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്.
ആരോപണവിധേയനായ അധ്യാപകന്‍ പെണ്‍കുട്ടിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പോലീസ് പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അധ്യാപകര്‍ തന്നെ ഉപദ്രവിച്ചെന്നും അയാള്‍ കാരണം തനിക്ക് പഠനം നിര്‍ത്തേണ്ടി വന്നെന്നും അവര്‍ പറഞ്ഞിരുന്നു. സ്ഥാപനം വിട്ട ശേഷവും ഇയാള്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തുകൊണ്ടിരുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹരി പദ്മനെ കൂടാതെ നര്‍ത്തകരായ സഞ്ജിത് ലാല്‍, സായി കൃഷ്ണന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരേയും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്.