അടൂര്‍ : ഫെയ്സ് ബുക്കിലെ വ്യാജ അക്കൗണ്ട് വഴി പെണ്‍കുട്ടികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ അയയ്ക്കുന്നയാളിനെ ശൂരനാട് പോലീസ് തന്ത്രപരമായി കുടുക്കി. അടൂര്‍ ഏനാത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരന്‍ പുനലൂര്‍ ഇളമ്പല്‍ ആരംപുന്നമുറി കാഞ്ഞിയില്‍ വീട്ടില്‍ ശ്രീകുമാര്‍ (48) ആണ് അറസ്റ്റിലായത്. ശൂരനാട്ടെ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
യാതൊരു പരിചയവുമില്ലാത്ത യുവതികളുമായി സൗഹൃദം സ്ഥാപിക്കാനായി ഫെയ്സ് ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയയ്ക്കും. ആരെങ്കിലും സ്വീകരിച്ചാല്‍ ഉടന്‍ തന്നെ ‘ഹായ്’ എന്ന സന്ദേശം എത്തും. തുടര്‍ന്ന് അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പറന്നെത്തും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒട്ടേറെ യുവതികള്‍ക്ക് ഇങ്ങനെ സന്ദേശങ്ങളെത്തി. നാണക്കേട് കാരണം മിക്കവരും പുറത്ത് പറയാന്‍ തയാറായില്ല. ശ്രീകുമാറിനെപ്പറ്റി പെണ്‍കുട്ടികള്‍ക്ക് യാതൊരു ധാരണയുമില്ല. പേരു പോലും അറിയില്ല. പരാതിയെ തുടര്‍ന്ന് പോലീസ് വ്യാജ അക്കൗണ്ട് തയാറാക്കി പ്രതിക്ക് സന്ദേശങ്ങള്‍ അയച്ച് സൗഹൃദം സ്ഥാപിച്ചു. ദിവസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കൊടുവില്‍ പ്രതിയുടെ വിവരങ്ങള്‍ കണ്ടെത്തി.
പിന്നീട് ബാര്‍ ഹോട്ടലില്‍ എത്തി അറസ്റ്റ് ചെയ്തു. നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഐടി ആക്‌ട് പ്രകാരമാണ് കേസെടുത്തതെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായും സിഐ എം.സി.ജിംസ്റ്റല്‍, എസ്‌ഐ പി. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു.