പത്തനംതിട്ട : ആറാം ക്ലാസ് വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 85,000 പിഴയും ശിക്ഷ. കോന്നി ഐരവൺ കുമ്മണ്ണൂർ നെടിയകാലാ പുത്തൻവീട്ടിൽ സിദ്ദീഖ് ജമാലുദീനെ (54) ആണ് ശിക്ഷിച്ചത്. കഴിഞ്ഞവർഷം മേയ് 22-ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി. മഞ്ജിത്തിന്റേതാണ് വിധി. പോക്സോ വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തെ കഠിനതടവും കടത്തിക്കൊണ്ടുപോകലിന് മൂന്നുവർഷവും പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ഒരു വർഷവും ആണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലുമാസവും 10 ദിവസവും കഠിന തടവുകൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2023 ഏപ്രിൽ ഒന്നിനും മേയ് 31-നുമിടയിലുള്ള ദിവസങ്ങളിൽ കുട്ടിയുടെ അമ്മവീടിന്റെ പരിസരത്തും പ്രതിയുടെ വീട്ടിലും വെച്ച് പലതവണ ദേഹത്ത് കടന്നുപിടിച്ചുംമറ്റും ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. റീൽസ് എടുക്കാമെന്ന് പറഞ്ഞും പീഡിപ്പിച്ചു. വിവരങ്ങൾ പുറത്തുപറഞ്ഞാൽ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി.