ചേര്‍ത്തല: അയല്‍വാസിയായ നാലുവയസുകാരിക്ക് നേരെ മൂന്നു വര്‍ഷക്കാലം ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 110വര്‍ഷം തടവും ആറുലക്ഷം പിഴയും വിധിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെയാണ് (62) ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ) വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവ് ശിക്ഷിയ്ക്ക് വിധിച്ചത്. പിഴയടക്കാത്തപക്ഷം മൂന്നുവര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. 2019ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞ് 2021ലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുന്നത്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായി. ആരോടെങ്കിലും പറഞ്ഞാല്‍ കുട്ടിയെ പോലീസ് പിടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. മറ്റൊരു ദിവസം വീടിനടുത്തുള്ള പ്രവര്‍ത്തനം ആരംഭിക്കാത്ത ഡേ കെയറിൽ വെച്ച് കുട്ടിക്കുനേരെ നടന്ന ലൈംഗികാതിക്രമം ഉണ്ടാവുകയും കുട്ടിയ്ക്ക് മുറിവേല്‍ക്കാനിടയാവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മുമ്മയാണ് വിവരങ്ങള്‍ ചോദിക്കുകയും അമ്മയെയും അറിയിച്ച് പോലീസിലും ചൈല്‍ഡ് ലൈനിലും വിവരം കൈമാറുകയും ചെയ്തത്.
കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടും ആരോടും പറയാതെ മറച്ചുവെച്ച പ്രതിയുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെ തുടര്‍ന്ന കേസ് വിഭജിച്ചു നടത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 29 സാക്ഷികളെയും 28 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി. 2021 മേയ് 21ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന രവി സന്തോഷാണ് അന്വേഷണം നടത്തിയത്. ഇന്‍സ്പക്ടറായിരുന്ന ബി വിനോദ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വനിതാ എസ്‌ഐ ജെര്‍ട്ടീന ഫ്രാന്‍സിസ്, ഓഫീസര്‍മാരായ ബി ശ്രീലക്ഷ്മി, മഞ്ജുഷ, ശാരി, ആശ, നിഷാദ്, പ്രവീണ്‍കുമാര്‍, മോനേഷ്, ശ്രീകുമാര്‍, സിഎ അശോകന്‍, ബികെ അശോകന്‍ എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീനാ കാര്‍ത്തികേയന്‍, അഡ്വ. വി എല്‍ ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.