കൊച്ചി : കൊല്ലം ജില്ലയിലെ പ്രശസ്ത കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ എസ്.എഫ്.ഐ നേതാവുകൂടിയായ പ്രതി വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, യുവതിയ്ക്ക് പോലീസ് സംരക്ഷണം നൽകാന്‍ ഉത്തരവിട്ടു. ശാസ്താംകോട്ട പോലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. പീഡനത്തിന് ഇരയായ വിദ്യാർത്ഥിനി ഡിഗ്രിക്ക് പഠിക്കവെ എസ്.എഫ്.ഐ യുടെ സജീവ പ്രവർത്തകയായിരുന്നു. എസ്.എഫ്.ഐ നേതാവായിരുന്ന പ്രതി വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. തുടര്‍ന്ന് യുവതിയെ കോളേജില്‍ വെച്ച് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കി.
ഈ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. റിമാന്റ് കാലാവധി കഴിഞ്ഞതോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി കൊല്ലം കല്ലട വെസ്റ്റ് സ്വദേശി വൈശാഖ് യുവതിക്കുനേരെ ഭീഷണി മുഴക്കിയതോടെ ദക്ഷിണ മേഖല പോലീസ് ഇൻസ്‌പെക്ടർ ജനറലിന് വിദ്യാർത്ഥിനി പരാതി നൽകി. ഇതോടെ പ്രതിയും സംഘവും യുവതിയെ പിന്തുടര്‍ന്ന് വധഭീഷണി ആരംഭിച്ചതോടെയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ജസ്റ്റിസ് സി.എസ്. ഡയസ് ആണ് വിധി പുറപ്പെടുവിച്ചത്. അഭിഭാഷകരായ ആർ. ഗോപൻ, അഡ്വ.കുളത്തൂർ ജയ്‌സിങ് എന്നിവർ ഹർജി കക്ഷിക്കുവേണ്ടി ഹാജരായി.