തിരുവനന്തപുരം : എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന വിധിയിൽ എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നൽകും. നേരത്തെ സിഎംആർഎല്ലിഎൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ തേടിയിരുന്നു. അന്വേഷണം റദ്ദാക്കാൻ നടത്തിയ നീക്കവും, അതിന് കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിംഗിൾ ബഞ്ച് ഹർജി തള്ളിയതോടെ എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും സൂചനകൾ ഉണ്ട്.
അതിശയകരമായ പിന്തുണയും അത്ഭുതമുണ്ടാക്കുന്ന നിലപാടുമായിരുന്നു മാസപ്പടി വിവാദത്തിൽ സിപിഎം മുഖ്യമന്ത്രിക്കും മകൾക്കും നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനും എതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലായാണ് കേസിനെ പാര്‍ട്ടി ഇത്രനാളും വിശദീകരിച്ചതും. കെഎസ്ഐഡിസിക്ക് പിന്നാലെ എക്സാലോജിക്കിനും ഹൈക്കോടതിയിൽ നിന്നേറ്റ തുടര്‍ച്ചയായ തിരിച്ചടികൾക്ക് ശേഷം പാര്‍ട്ടി പക്ഷെ നില ഭദ്രമാക്കുകയാണ്. ചോദ്യം ചെയ്യലടക്കമുള്ള തുടര്‍ നടപടികളിലേക്ക് എസ്എഫ്ഐഒ കടന്നാൽ അത് തെരഞ്ഞെടുപ്പ് കാലത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ബോധ്യത്തിലാണ് ഇത്. കേസ് രാഷ്ട്രീയലക്ഷ്യം വച്ചുള്ളതെന്നതിൽ തര്‍ക്കമില്ല.