മഞ്ചേരി: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന് 13 വർഷവും 9 മാസം തടവും രണ്ടു ലക്ഷത്തി പതിനായിരം പിഴയും, രണ്ടാം പ്രതി ശിഹാബുദ്ദീന് 8 വർഷം 9 മാസം തടവും 15,000 രൂപ പിഴയും, ആറാം പ്രതി നിഷാദിന് 5 വർഷം 9 മാസം തടവും 15,000 പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജ് എം തുഷാർ ആണ് വിധി പറഞ്ഞത്. മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിയ്ക്കൽ എന്നിവ കണ്ടെത്തി.
മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താതെ നരഹത്യ തെളിയിയ്ക്കാൻ കഴിഞ്ഞ കേരളത്തിലെ ആദ്യ കേസാണിത്. 2019 ആഗസ്‌തിലാണ് കേസിനാസ്പദമായ സംഭവം. മൈസൂരു സ്വദേശിയായ ഷാബ ഷെരീഫിനെ ഒറ്റമൂലി രഹസ്യം അറിയാൻ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫിന്റെ സംഘം തട്ടിക്കൊണ്ടുവന്ന് ഒരുവർഷത്തിൽ അധികം മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ചു. 2020 ഒക്ടോബറിൽ കൊലപ്പെടുത്തി മൃതശരീരം കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.