പാലക്കാട്: യുവജനപ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്നയാൾ ഇനി കോൺഗ്രസിന്‍റെ നേതൃനിരയിലേക്ക്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്ന് യുവജന പ്രസ്ഥാനത്തിന്‍റെ സംസ്ഥാന അധ്യക്ഷസ്ഥാനം വഹിച്ച ഷാഫി പറമ്പിൽ ഇനി സംസ്ഥാന കോൺഗ്രസിന്‍റെ മുൻനിരക്കാരൻ. സംസ്ഥാന കോൺഗ്രസിൽ വ്യാഴാഴ്ച നടന്ന അഴിച്ചുപണിയുടെ ഭാഗമായിട്ടാണ് ഷാഫി പറമ്പിൽ കോൺഗ്രസിന്‍റെ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് നേതൃനിരയിലേക്ക് എത്തിയത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ ഷാഫി പറമ്പിൽ, ജില്ലയിലെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിക്കുന്നത്. പട്ടാമ്പി ഗവ. കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്‍റെ യൂണിറ്റ് കമ്മിറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.
2005 കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി, 2006 കെ.എസ്.യു ജില്ല പ്രസിഡൻറ്, 2007 കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, 2009 കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്, 2017-2018 യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, 2020-2023 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ ഷാഫി വഹിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്‍റെ അഖ്യലേന്ത്യ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. എ ഗ്രൂപ്പിന്റെ ശക്തനായ നേതാവുകൂടിയാണ് ഷാഫി.കഴിഞ്ഞ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സംഘടനയിൽ കരുത്തോടെ മുന്നിട്ടുനില്‍ക്കുന്നതാണ് കണ്ടത്. 2011-2016 , 2016-2021, 2021-2024 വർഷങ്ങളിൽ പാലക്കാട് നിയമസഭാംഗമായിരുന്നു. 2024ൽ വടകരയിൽനിന്നും ലോക്സഭാംഗമായി തുടരുന്നു.