പാലക്കാട് : ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് തിരിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അപ്പോ നമ്മളല്ലേ(കേരളം) ഒന്നാമതെന്ന് ചോദിച്ച ഷാഫി പറമ്പില്‍, അല്ലേലും ഗുജറാത്തില്‍ നിന്നുള്ള പഠനം ഇയിടെയായി ഇച്ചിരി കൂടുന്നുണ്ടെന്നും പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫിയുടെ പ്രതികരണം.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎസുമാണ് ഗുജറാത്തിലേക്ക് പോകുന്നത്. ഇരുവര്‍ക്കും ഇന്ന് മൂതല്‍ മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2019 ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ കൊണ്ടു വന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോര്‍ഡ് സിസ്റ്റം. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡ്, കണ്‍ട്രോള്‍, കംമ്പ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍, കോംബാറ്റ് എന്നി 5c കള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തിന്‍റെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണിത്.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വീഡിയോ സ്ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഗുജറാത്തിന്‍റെ അവകാശവാദം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കൂടി പരിഗണിച്ചാണ് പഠനമെന്നാണ് കേരള സര്‍ക്കാര്‍ വിശദീകരണം.
ഗുജറാത്ത് സര്‍ക്കാറുമായി ബന്ധമുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഗുജറാത്തിലേത് സത്‍ഭരണമെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നാണ് സിപിഎം നിലപാടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സതീശന് പുറമെ നിരവധി നേതാക്കളാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തു വരുന്നത്.
പിണറായി വിജയന്‍റെ കേരള സര്‍ക്കാരിന് എന്തുകൊണ്ടും കണ്ട് പഠിക്കാവുന്ന മാതൃകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സംവിധാനമെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഗുജറാത്ത് ഒരിക്കലും ഒരു മോഡലല്ല. അവിടെ നിന്നും ഒന്നും പഠിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയം നോക്കിയല്ല കാര്യങ്ങള്‍ പഠിക്കുന്നതെന്നും പഠിച്ചാലേ നടപ്പിലാക്കാന്‍ പറ്റുമോയെന്ന് അറിയാന്‍ കഴിയുകയുള്ളുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.