ലഖ്നൗ: നടൻ വിജയിക്കെതിരെ ‘ഫത്‍വ’യിറക്കി മോദി അനുകൂലിയും ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് എന്ന സംഘടനയുടെ പ്രസിഡന്റുമായ മൗലാനാ മുഫ്തി ഷഹാബുദീൻ റസ്‌വി ബറേൽവി. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള ഷഹാബുദ്ദീന്റെ പ്രസ്താവനകൾ പലപ്പോഴും പരിഹാസ്യമാവുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് ഇദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു. അഖണ്ഡ ഭാരതം യാഥാർഥ്യമാക്കാൻ ഇരു നേതാക്കളും മുന്നിട്ടിറങ്ങണമെന്ന് മാസങ്ങൾക്ക് മുൻപ് ഷഹാബുദ്ദീൻ റസ്‌വി ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് നടനും തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റുമായ വിജയിക്കെതിരെ പുതിയ ‘ഫത്‍വ’യുമായി ഷഹാബുദ്ദീൻ രംഗത്തെത്തിയിരിക്കുന്നത്.
വിജയിയെ പിന്തുണക്കുന്നതിൽ നിന്ന് മുസ്‍ലിംകൾ പിന്മാറണമെന്നാണ് എഎൻഐയോട് പറഞ്ഞത്. സിനിമകളിൽ വിജയ് മുസ്‍ലിംകളെ തീവ്രവാദികളാക്കുന്നു. മദ്യപാനികളെയും ചൂതാട്ടക്കാരെയും ഇഫ്താർ വിരുന്നുകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന താരത്തെ മുസ്‍ലിംകൾ പിന്തുണക്കരുത്. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും മുസ്‍ലിംകളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ സിനിമകളിൽ മുസ്‍ലിംകൾ തീവ്രവാദികളാണെന്നും ഇഫ്താർ വിരുന്നുകളിൽ മദ്യപാനികളെയും ചൂതാട്ടക്കാരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫത്‍വയെന്ന് അദ്ദേഹം പറഞ്ഞു.