താമരശ്ശേരി: വിദ്യാർത്ഥിസംഘർഷത്തിനിടെ മർദനമേറ്റ് എളേറ്റിൽ എംജെ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസിൽ മേയ് അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം. ഫെബ്രുവരി 27-നുനടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെയായിരുന്നു മുഹമ്മദ് ഷഹബാസിന്റെ മരണം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കുറ്റാരോപിതർക്ക് സ്വാഭാവികജാമ്യം ലഭിക്കുമെന്നിരിക്കെ മേയ് 29-നകം കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുൻപാകെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ് താമരശ്ശേരി പോലീസ്.
കേസിൽ ഒട്ടേറെ ഡിജിറ്റൽ തെളിവുകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. അക്രമദൃശ്യങ്ങളടങ്ങിയ ഒട്ടേറെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘം ശേഖരിച്ചത്. കുറ്റാരോപിതരായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മൊബൈൽഫോണുകൾ പരിശോധിച്ച് അവയിൽനിന്നയച്ച സന്ദേശങ്ങൾ സംബന്ധിച്ച് സൈബർസെൽ തെളിവുകൾ ശേഖരിച്ചിട്ടുമുണ്ട്. അതേസമയം ഇൻസ്റ്റഗ്രാമിന്റെ ഉടമസ്ഥാവകാശമുള്ള ‘മെറ്റ’ പ്ലാറ്റ്ഫോമിനോടുതേടിയ വിവരങ്ങളുൾപ്പെടെയുള്ള ഡിജിറ്റൽതെളിവുകൾ ഇതുവരെ പൂർണമായി ലഭ്യമായില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ എ. സായൂജ്കുമാർ പറയുന്നു. ഷഹബാസിനെതിരായി പോർവിളിമുഴക്കി അക്രമം ആസൂത്രണംചെയ്ത ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളുടെയും അതിലെ സന്ദേശങ്ങളുടെയും വിശദാംശങ്ങൾ, ഉറവിടം, അക്കൗണ്ടുകളുടെ ആധികാരികത തുടങ്ങിയ വിവരങ്ങൾതേടിയായിരുന്നു പോലീസ് മെറ്റയെ സമീപിച്ചിരുന്നത്.
ട്യൂഷൻ സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്‌നങ്ങൾക്കൊടുവിൽ സാമൂഹികമാധ്യമങ്ങളിലൂടെ പോർവിളിയുയർത്തി നടത്തിയ സംഘർഷത്തിനിടെ, മുഹമ്മദ് ഷഹബാസിനെ ഒരുസംഘം വിദ്യാർത്ഥികൾ ആസൂത്രിതമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിച്ചിരുന്ന ആറ് എസ്എസ്എൽസി വിദ്യാർത്ഥികളാണ് നിലവിൽ കേസിലെ കുറ്റാരോപിതർ. ആറുപേരും ഇപ്പോൾ വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ വിദ്യാർത്ഥികളെമാത്രമാണ് പ്രതിചേർത്തിരിക്കുന്നതെന്നും സംഭവത്തിൽ മുതിർന്നവരുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകൾ ഇല്ലെന്നുമാണ് പോലീസ് പറയുന്നത്. ചില രക്ഷിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് ഷഹബാസിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.