ലാഹോർ: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചതിന് പിന്നാലെ പാക് ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാക് സൈന്യത്തിന്റേത് ചരിത്രപരമായ നേട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിനൊന്നടങ്കം ഇത് വിജയമാണെന്നും അവകാശപ്പെട്ടു. പ്രസംഗത്തിൽ ചൈനയെ പ്രത്യേകമായി പരാമർശിച്ച പാക് പ്രധാനമന്ത്രി, ‘എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് അവരോട് വലിയ നന്ദി പറയാൻ ആഗ്രഹിക്കുന്നു’ – എന്നും പറഞ്ഞു. ചൈനയെ പ്രിയപ്പെട്ട വിശ്വസ്തരായ സുഹൃത്തായാണ് ഷെഹബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. പാകിസ്താന് ആവശ്യമുള്ളപ്പോഴെല്ലാം ചൈനീസ് ജനത കൂടെയുണ്ടായിരുന്നുവെന്ന് പറഞ്ഞ ഷഹബാസ് ഷെരീഫ് ചൈനീസ് ജനതയോടും നന്ദി രേഖപ്പെടുത്തി.
ജലവിതരണം, കശ്മീർ, മറ്റ് തർക്കവിഷയങ്ങൾ എന്നിവ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സൗദി കിരീടാവകാശി, ഖത്തർ അമീർ, തുർക്കി പ്രസിഡൻ്റ് എന്നിവർക്കും ഷെഹബാസ് ഷെരീഫ് നന്ദി പറഞ്ഞു. പാകിസ്താനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെയും മാധ്യമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്താനി ഹാൻഡിലുകളിൽ നിന്ന് വ്യാജപ്രചാരണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ പാക് പ്രധാനമന്ത്രി അഭിനന്ദിച്ചതെന്നതാണ് ശ്രദ്ധേയം.
നേരത്തേ പാകിസ്താൻ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വ്യക്തമാക്കിയിരുന്നു. രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് പാകിസ്താന്റെ വഞ്ചന അദ്ദേഹം ഔദ്യോഗികമായി തുറന്നു പറഞ്ഞത്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണെന്നും ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും മിസ്രി പറഞ്ഞു. വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍ ആക്രമണത്തെ ശക്തമായി നേരിടാൻ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായും വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചു.