ഇസ്ലാമാബാദ്: വെടിനിർത്തലിന് ആറുനാളുകൾക്കിപ്പുറം വെള്ളക്കൊടി വീശി പാകിസ്താൻ. ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചു. രാജ്യത്തെ പഞ്ചാബ് പ്രവിശ്യയിലെ കംറ എയർ ബേസ് സന്ദർശനത്തിനിടെ ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കവേയാണ് ഷെഹ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനത്തിനായി ഞങ്ങൾ അവരുമായി (ഇന്ത്യ) സംസാരിക്കാൻ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ വിഷയവും ഉൾപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിക്കെതിരെ പിടിച്ചുനിൽക്കാൻ പാകിസ്താന് സാധിച്ചില്ലെന്ന് ലോകരാജ്യങ്ങളും വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിനെ തങ്ങൾ വലിയ രീതിയിൽ പ്രതിരോധിച്ചു എന്നായിരുന്നു പാകിസ്താൻ്റെ അവകാശവാദം. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് പാകിസ്താൻ അനുരഞ്ജന ശ്രമങ്ങൾ തുടങ്ങുമ്പോൾ ഈ അവകാശവാദം പൊളിയുകയാണെന്ന് വേണം കരുതാൻ. ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന്, കംറ വ്യോമ താവളത്തിൽ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കവെ നടത്തിയ പ്രഖ്യാപനമാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദു എന്നിവർ ഷഹ്ബാസിനൊപ്പം എയർബേസിൽ എത്തിയിരുന്നു. നാല് ദിവസത്തെ അതിർത്തി കടന്നുള്ള തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, സംഘർഷം അവസാനിപ്പിക്കാൻ മേയ് 10ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്ന് പ്രതിരോധ കേന്ദ്രത്തിൽ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്.