ന്യൂഡൽഹി : ഡൽഹി സംഘര്‍ഷം നാല്‍പ്പതില്‍ അധികം പേരുടെ ജീവനെടുത്ത കലാപമായി മാറിയെങ്കിലും ഷഹീന്‍ ബാഗില്‍ സമരം തുടരുകയാണ്. കലാപം ഷഹീന്‍ബാഗിലെ സമരത്തെ ബാധിച്ചിട്ടേയില്ല. ഡൽഹിയിൽ മതത്തിന്റെ പേരിലുള്ള സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നാണ് സമരക്കാരുടെ പക്ഷം. കലാപത്തിന് മുമ്പ് എങ്ങനെയാണോ സമരമുണ്ടായത് അതുപോലെ ഇപ്പോഴും തുടരുന്നു. സമരപ്പന്തലില്‍ നിറയെ സ്ത്രീകളുണ്ട്. പുറത്ത് സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പുരുഷന്‍മാര്‍.
കലാപത്തിന് മുമ്പുണ്ടായിരുന്ന അത്ര ആള്‍ക്കൂട്ടം ഇല്ലെങ്കിലും സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം. കലാപത്തെ ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി കാണാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടില്ല. ആര്‍എസ്എസ് ഗുണ്ടകളാണ് കലാപം നടത്തിയതെന്ന് സമരക്കാര്‍ പറയുന്നു. ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമര സ്ഥലം മാറ്റാന്‍ സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകര്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കുട്ടികള്‍ക്ക് പരീക്ഷയായതിനാലാണ് പകല്‍സമയത്ത് നേരത്തെയുള്ളത് പോലെ സമരക്കാരുടെ പങ്കാളിത്തം ഇല്ലാത്തതെന്നാണ് ഇവരുടെ വിശദീകരണം.