വമ്പന്‍ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ വീണ്ടും സിനിമയൊരുങ്ങുന്നു. പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ഉറ്റു നോക്കുന്നത്.
പുതിയ സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. 1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രം ഗംഭീര വിജയമായിരുന്നു.
2000 ല്‍ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവര്‍ത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി കൈലാസിന്റെ മറ്റൊരു പ്രോജക്‌ട്.
സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ‘ബറോസി’ന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കും.