തിരുവനന്തപുരം : കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (28) കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ശാഖയെ രണ്ടുമാസം മുന്‍പാണ് അരുണ്‍ വിവാഹം ചെയ്തത്. ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുണ്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഇന്നു പുലര്‍ച്ചെയാണ് ശാഖാ കുമാരി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടന്ന മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. 26 കാരനായ ബാലരാമപുരം സ്വദേശി അരുണ്‍ കുമാറിനെ രണ്ടു മാസം മുന്‍പാണ് ശാഖാകുമാരി വിവാഹം കഴിച്ചത്. ക്രിസ്മസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റാണ് ശാഖകുമാരി മരിച്ചതെന്നാണ് അരുണ്‍ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. എന്നാല്‍ ഇതില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അരുണ്‍ കുറ്റം സമ്മതിച്ചത്. മതാചാര പ്രകാരം രണ്ടുമാസം മുന്‍പാണ് ശാഖാകുമാരിയും അരുണുമായുള്ള വിവാഹം നടത്തിയത്. എന്നാല്‍ വിവാഹത്തില്‍ അരുണിന്‍റെ ബന്ധുക്കള്‍ ആരും പങ്കെടുത്തിരുന്നില്ല. വിവാഹം രഹസ്യമാക്കി വെക്കാന്‍ അരുണ്‍ ശ്രദ്ധിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നതായും, മുന്‍പും ശാഖയെ കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും, വീട്ടില്‍ ശാഖാകുമാരിയുടെ അമ്മയെ ശുശ്രൂഷിച്ചിരുന്ന ഹോം നഴ്സ് വെളിപ്പെടുത്തി.