ന്യൂഡല്‍ഹി : ഗാസയിലെ വംശഹത്യയെ പിന്തുണക്കുന്നവര്‍ക്ക് ഒരു തരത്തിലുള്ള കുലുക്കവും കാണാനില്ലെന്ന് വിമർശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ നാശത്തെ പിന്തുണക്കുന്ന സര്‍ക്കാരുകളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. എത്ര പരിതാപകരവും അപമാനകരവുമായ നാഴികക്കല്ലാണ് നാം പിന്നിട്ടുകൊണ്ടിരിക്കുന്നത്. ഗാസയില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. അതില്‍ പകുതിയോളം കുട്ടികളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. ഇപ്പോള്‍ ചെറിയ കുഞ്ഞുങ്ങളെ ഓക്‌സിജന്റെ അഭാവം മൂലം ഇന്‍ക്യൂബേറ്ററുകളില്‍ നിന്ന് നീക്കം ചെയ്യുകയും മരിക്കാന്‍ വിട്ടുകൊടുക്കുകയുമാണ്. എന്നിട്ടും ഈ വംശഹത്യയെ പിന്തുണക്കുന്നവരുടെ മനസാക്ഷിക്ക് ഒരു തരത്തിലുള്ള ഞെട്ടലുമില്ല.
കൂടുതല്‍ ബോംബുകള്‍, കൂടുതല്‍ അക്രമം, കൂടുതല്‍ കൊലപാതകങ്ങള്‍, കൂടുതല്‍ കഷ്ടപ്പാടുകള്‍. ഈ നാശത്തെ പിന്തുണക്കുന്ന സര്‍ക്കാരുകളെ ഓര്‍ത്ത് ലജ്ജിക്കുന്നു. എപ്പോള്‍ മതിയാകും ഇത് എന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു. യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിലും പ്രിയങ്ക വിമര്‍ശം ഉന്നയിച്ചിരുന്നു. സംഭവം ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതും ആണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. കണ്ണിന് പകരം കണ്ണ് എന്ന രീതിയില്‍ മുന്നോട്ട് പോയാല്‍ അത് ലോകത്തെ മുഴുവന്‍ അന്ധരാക്കുമെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളും പ്രിയങ്ക പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ ഹമാസിനെതിരെ ആക്രമണം ആരംഭിച്ചത്.