കോട്ടയം : ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. ഇന്നലെ രാത്രിയോടെ അയര്‍ക്കുന്നത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്. ഈ ഓട്ടോയില്‍വെച്ചാണ് ഷാന്‍ ബാബു ക്രൂര മര്‍ദ്ദനത്തിന് ഇരയായതെന്ന് പോലീസ് വ്യക്തമാക്കി. വിനു എന്ന ആളിന്റെതാണ് ഈ ഓട്ടോറിക്ഷ. ഇയാള്‍ ഉള്‍പ്പെടെ 16 പേരാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്.
കൊലപാതക സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ട പുല്‍ച്ചാടി ലുതീഷ് ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ജോമോന്റെ കൂട്ടാളിയാണ് ലുതീഷ്. ഇരുവരും മദ്യപിച്ചിരിക്കുന്നതിനിടയിലാണ് ഷാന്‍ ബാബുവിനെ തട്ടികൊണ്ടുപോകാന്‍ ആസൂത്രണം ചെയ്തത്. കൊലപ്പെടുത്തണമെന്ന് ലക്ഷ്യത്തോടെയാണ് ഷാനെ കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു.
ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത് പോലീസിന് ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരിലാണ്. കൊല്ലപ്പെട്ട ഷാന്‍ എതിര്‍ സംഘങ്ങളുടെ ഒപ്പം ഉല്ലാസയാത്ര പോയതും ഫോട്ടോ സമൂഹമാദ്ധ്യങ്ങളില്‍ പങ്കുവെച്ചതും സംശയം ബലപ്പെടുത്തി. ഷാന്‍ മുഖേന എതിര്‍ സംഘത്തലവനായ സൂര്യനെ കണ്ടെത്താനും ജോമോന്‍ പദ്ധതിയിട്ടു. കൊല്ലപ്പെട്ട ഷാനിന്റെ സുഹൃത്തായ സൂര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവായ സൂര്യന്‍ എന്ന ശരത് പി രാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ ഷാന്‍ ലൈക്കടിച്ചിരുന്നു. ഇതോടെ ഷാന്‍ ജോമോന്റെ നോട്ടപ്പുള്ളിയായി.