മുംബൈ: അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാർ തുടരണമെന്ന് എൻ.സി.പി സമിതി. പവാറിന്റെ രാജി സമിതി തള്ളി എന്നറിഞ്ഞതോടെ പടക്കം പൊട്ടിച്ചാണ് എൻ.സി.പി പ്രവർത്തകർ ആഘോഷിച്ചത്.മുംബൈയിൽ ചേർന്ന യോഗത്തിലാണ് ശരദ് പവാർ അധ്യക്ഷ സ്ഥാനത്ത് തുടരനമെന്നഭ്യർഥിച്ച് സമിതി പ്രമേയം അവതരിപ്പിച്ചത്. ഇക്കാര്യം എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ അറിയിച്ചതോടെ പ്രവർത്തകർ ആഹ്ലാദാരവം മുഴക്കി. സമിതിയുടെ തീരുമാനം വൈകാതെ വാർത്തസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. ചൊവ്വാഴ്ചയാണ് ശരദ് പവാർ രാജി പ്രഖ്യാപിച്ചത്.
രാജി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും പിൻഗാമിയെ കണ്ടെത്താനും എൻ.സി.പി സമിതി രൂപവത്കരിക്കുകയായിരുന്നു. മുതിർന്ന അംഗങ്ങളായ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബാൽ, ദിലീപ് വാൽസ് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് തോപെ തുടങ്ങിയവരടങ്ങുന്നതാണ് സമിതി. പാർട്ടി പിളർത്താനുള്ള അനന്തരവൻ അജിത് പവാറിന്റെ നീക്കം തടയിടാനാണ് ശരദ് പവാറിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനമെന്നാണ് കരുതുന്നത്.