തലശേരി : കണ്ണൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന ഡോക്‌ടര്‍മാരുടെ കണ്ടെത്തല്‍ വ്യാജം. ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍ കണ്ടി ഷറഫുദ്ദീ(68)ന് ലൈംഗിക ശേഷി കുറവില്ലെന്ന് റിപ്പോര്‍ട്ട്. ‘There is nothing to suggest that he is impotent’ എന്നാണ് കണ്ടെത്തല്‍. ഇതോടെ വ്യവസായിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്‌ടര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സാധ്യത.
ഇയാള്‍ ലൈംഗിക ശേഷി ഇല്ലാത്ത ആളാണെന്ന ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ടിനെതിരെ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ രംഗത്ത് വരികയും വൈദ്യ പരിശോധനയ്‌ക്കായി പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി മൃദുലയുടെ ഉത്തരവ് പ്രകാരമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇയാള്‍ക്ക് ലൈംഗികശേഷി കുറവ് ഇല്ലെന്ന് കണ്ടെത്തിയത്. കോടതിയുടെ കൃത്യമായ ഇടപെടലിനൊടുവില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത്.
ഭാര്യയും മക്കളുമുള്ള വ്യവസായ പ്രമുഖനാണ് ലൈംഗിക ശേഷിയില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുപ്പത് ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ഷറാറ ഷറഫുവിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജില്ലാസെഷന്‍സ് കോടതി ജഡ്ജ് എ.വി മൃദുലയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കുറ്റാരോപിതന്‍ തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഇന്ത്യ വിട്ടു പോകാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടു കെട്ടിവയ്ക്കണമെന്നും കേസ് നടപടികളില്‍ ഇടപെടുകയോ പരാതിക്കാരിയില്‍ സ്വാധീനം ചെലുത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വ്യവസായിയുടെ അടുത്തേയ്‌ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി വിവരം അമ്മയോട് പറഞ്ഞപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നത്. തുടര്‍ന്ന് ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം 28 നാണ് ഷറഫുദ്ദീനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.