തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ കൊലപാതകക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്. കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്‌നാട്ടിലായതിനാല്‍ തുടരന്വേഷണത്തില്‍ നിയമപരമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. ഈ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ ചിറയിലാണ്. തമിഴ്‌നാട്ടിലെ പളുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണിത്. എന്നാല്‍ ഷാരോണ്‍ കൊലക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും പാറശ്ശാല പോലീസിലായിരുന്നു.
കേസില്‍ മൂന്ന് പ്രതികളെ കേരള പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമപ്രശ്‌നങ്ങളുണ്ടോ കേസ് തമിഴ്‌നാട് പോലീസിന് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണസംഘം നിയമോപദേശം തേടിയത്. കേസില്‍ തമിഴ്‌നാട് പോലീസും കേരള പോലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.