തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഷാരോണിനെ വനിതാസുഹൃത്ത് കൊലപ്പെടുത്തിയത് കഷായത്തിൽ വിഷം കലർത്തി. കാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന കോപ്പർ സൾഫേറ്റ് എന്ന തുരിശാണ് ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലർത്തിയത്. കുമിൾനാശിനിയായി കവുങ്ങ്, റബ്ബർ തുടങ്ങി മിക്ക വിളകൾക്കും ഉപയോഗിക്കുന്നതാണ് കോപ്പർ സൾഫേറ്റ്. കോപ്പർ സൾഫേറ്റ് വെള്ളത്തിൽ കലർത്തി കുമ്മായവുമായി ചേർത്ത് നിർമിക്കുന്ന ബോർഡോ മിശ്രിതം കാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നു.
നീല നിറത്തിലുള്ള കോപ്പർ സൾഫേറ്റ് ശരീരത്തിനുള്ളിൽ എത്തിയാൽ വൃക്ക, കരൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. കുറച്ചു മാത്രം ഉള്ളിൽ ചെന്നാൽ പതുക്കെയാണ് കരളിനെ ബാധിക്കുക. തുടർന്ന് കൂടുതൽ ആന്തരിക അവയവങ്ങളെ ബാധിക്കും. കൂടുതൽ അകത്ത് ചെന്നാൽ 24 മണിക്കൂറിനുള്ള മരിക്കും. കാർഷിക ആവശ്യത്തിന് സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ നാട്ടിൽ ഇവ സുലഭമാണ്. ഷോപ്പുകളിൽ ചെന്നാൽ ആർക്കും നൽകാവുന്ന സ്ഥിതിയാണ് നിലവിൽ. ഒരുഗ്രാം കോപ്പർ സൾഫേറ്റ് അകത്തുചെന്നാൽ തന്നെ ഗുരുതരാവസ്ഥയിലാകാൻ സാധ്യതയുണ്ട്. കരളിനെയാണ് പ്രധാനമായി ബാധിക്കുക. ഉള്ളിലെത്തുന്ന ആളുടെ ആരോഗ്യ സ്ഥിതിയനുസരിച്ചായിരിക്കും വിഷത്തിന്റെ തീവ്രത. 10 മുതൽ30ഗ്രാം വരെ അകത്തുചെന്നാൽ മരിക്കും.
കോപ്പർ സൾഫേറ്റ് നൂറ്റാണ്ടുകളായി വ്യാവസായികമായി വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണ്. പേപ്പർ പ്രിന്റിംഗ്, കെട്ടിടനിർമ്മാണം, ഗ്ലാസുകളിലും മൺപാത്രങ്ങളിലും കളറിംഗ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഷാരോണ്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്. മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ഗ്രീഷ്മ ആവർത്തിച്ചെങ്കിലും ശാസ്ത്രീയ തെളിവ് നിരത്തി പോലീസ് ചോദ്യങ്ങൾ ചോദിച്ചതോടെ പിടിച്ചുനിൽക്കാനായില്ല. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പോലീസ് കണ്ടെത്തി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പോലീസ് പറയുന്നു.