തിരുവനന്തപുരം : പാറശാലയിൽ വനിതാ സുഹൃത്ത് നല്‍കിയ കഷായം കുടിച്ചു ഷാരോൺ മരിച്ചെന്ന കേസിൽ പെൺകുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു. റൂറൽ എസ്.പി, ഡി. ശിൽപയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനു പിന്നാലെയാണ് മൊഴി നൽകാനെത്തണമെന്നു കാട്ടി പെൺകുട്ടിക്ക് കത്ത് നൽകിയത്.
പെൺകുട്ടി ,അഛൻ, അമ്മ, അടുത്ത ബന്ധു എന്നിവരാണ് രാവിലെ 10.30 യോടെ മൊഴി നൽകാനായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയത്. നാലു പേരെയും ഒറ്റയ്ക്കും, കൂട്ടായും ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തൽ. ഷാരോണിന്‍റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരുന്നു. നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാൻ ശ്രമിച്ചത് 1. മറ്റൊരു വിവാഹം തീരുമാനിച്ചതിനു ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്, 2. ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നൽകി 3. കഷായം നൽകാനുണ്ടായ സാഹചര്യം 4. ഈ സമയം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡും രുപീകരിക്കും.
അന്തരികാവയവങ്ങളുടെ തകരാറാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടാണ് മെഡിക്കല്‍ കോളേജിലെത്തിയത്. ഈ മാസം 25നായിരുന്നു ഷാരോണിന്‍റെ മരണം.
നേരത്തെ മൊഴി രേഖപ്പെടുത്താൻ പാറശാല പോലീസ് ശ്രമിച്ചിരുന്നെങ്കിലും പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിശദ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്ന ഷാരോണിന്‍റെ ബന്ധുക്കളുടെ ആരോപണങ്ങളിൽ തെളിവുകിട്ടിയ ശേഷം മാത്രം തുടർ നടപടി മതിയെന്ന തീരുമാനത്തിലാണ് ക്രൈം ബ്രാഞ്ചും.