മല്ലപ്പള്ളി : കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി കെ.എസ്ആർ.ടി.സി സബ്ഡിപ്പോയ്ക്ക് സമീപത്തെ കൊടുംവളവ് അപകടക്കെണിയാകുന്നു. ഒട്ടേറെ അപകടങ്ങൾ നടന്നിട്ടും ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. കൊടുവളവിൽ എതിരെ വാഹനങ്ങൾ വരുന്നതു കാണാൻ ബുദ്ധിമുട്ടാണ്. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ പലപ്പോഴും വേഗത്തിലുമായിരിക്കും. കോഴഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും മുരണി റോഡിൽ നിന്നെത്തുന്നവയുമാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്. മുരണിയിൽ നിന്നുള്ള റോഡ് സംസ്ഥാന പാതയിലേക്കു പ്രവേശിക്കുന്നത് കൊടുംവളവിലാണ്. റോഡിന് ഈഭാഗത്ത് കയറ്റമായതും അപകടകങ്ങൾക്ക് വഴിയൊരുക്കുന്നു.
വലിയപാലം മുതൽ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങൾ നാലുവർഷം മുൻപ് ബി.എം ആൻജഡ് ബിസി നിലവാരത്തിലാക്കിയെങ്കിലും വളവുകൾ നിവർത്തിയിരുന്നില്ല. വൈദ്യുതിബോർഡ് 110 കെവി സബ് സ്റ്റേഷനു സമീപത്തെ വളവിലും അപകടകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. വലിയ പാലത്തിനും സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പടിക്കും ഇടയിലെ അപകട പരമ്പര യാത്രക്കാരെയും പ്രദേശവാസികളെയും ആശങ്കയിലാക്കുന്നു. അപകടമൊഴിവാക്കാൻ നടപടിയെടുക്കാൻ അധികൃതർ ഇനിയെങ്കിലും തയാറാകാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.