തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അഭിനന്ദിച്ച് ശശി തരൂര്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം അന്തിമമാണെന്ന് പറഞ്ഞ തരൂര്‍ പരാജയം അംഗീകരിക്കുന്നുവെന്നും ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കാമെന്ന ഉറപ്പുണ്ടെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനാകുക എന്നത് വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ആ പ്രവര്‍ത്തനത്തില്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആംശസകളും നേരുന്നു. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോണ്‍ഗ്രസിന്‍റെഅഭ്യുദയകാംക്ഷികള്‍ അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്നിലര്‍പ്പിച്ചതും അഭിമാനമായി കരുതുന്നുവെന്നും ട്വിറ്ററില്‍ പങ്കുവെച്ച കത്തിനൊപ്പം അദ്ദേഹം കുറിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അന്തിമ വിധിയെഴുത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയ്ക്ക് അനുകൂലമായിരിക്കുകയാണ്. ഈ വിജയത്തില്‍ എന്‍റെ ഹൃദയംനിറഞ്ഞ ആസംസകള്‍ അറിയിക്കുന്നതായും തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പങ്കാളികളായ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മധുസൂദന്‍ മിസ്ത്രി തുങ്ങിയവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.