ന്യൂഡൽഹി : തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിന് ശശി തരൂർ എം പി ക്ക് 5000 രൂപ പിഴ വിധിച്ചു. മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്ന കുറ്റത്തിന് ഡൽഹി കോടതിയാണ് തരൂരിന് പിഴ ശിക്ഷ വിധിച്ചത്. കേസിൽ അടുത്തവാദം കേൾക്കുന്ന മാർച്ച് നാലിനു കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും ശശി തരൂരിന് അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് വിശാൽ പഹൂജ നിർദേശം നൽകി.
2018-ൽ ബെംഗളൂരുവിലെ സാഹിത്യോത്സവത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ബിജെപി നേതാവ് രാജീവ് ബബ്ബറാണ് തരൂരിന്റെ പേരിൽ മാനനഷ്ടക്കേസ് നൽകിയത്. മോദിയെ ഒരു ആർഎസ്എസ് നേതാവ് വിശേഷിപ്പിച്ചത് ശിവലിംഗത്തിലെ തേൾ എന്നാണെന്ന തരൂരിന്റെ പരാമർശത്തിനെതിരേയാണ് രാജീവ് ബബ്ബർ ഹർജി നൽകിയത്. താനൊരു ശിവഭക്തനാണെന്നും തരൂർ ശിവഭക്തരെ അപമാനിക്കുകയായിരുന്നെന്നും രാജീവിന്റെ പരാതിയിൽ പറയുന്നു. കേസ് ശനിയാഴ്ച കോടതി പരിഗണിച്ചപ്പോഴും തരൂർ ഹാജരായിരുന്നില്ല.